Saturday, November 24, 2012

ശരിയോ തെറ്റോ



യുണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം. അമ്പിളി അണ്ണന്റെ ഏകാധിപത്യ ഭരണം.

എന്നും വൈകുന്നേരം അമ്പിളി അണ്ണന്റെ 'ഖാപ് ' പഞ്ചായത്ത് കൂടും. കോളേജില്‍ അന്നുണ്ടായ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയും. അമ്പിളി അണ്ണന്‍ കോളേജില്‍ വരുന്നത് ഒരു കാഴ്ചയാണ്. നരച്ച ജീന്‍സും, ചുളിഞ്ഞ ഷര്‍ട്ടും, തേഞ്ഞ ചപ്പലും, ചുണ്ടില്‍ ഇപ്പോഴും എരിയുന്ന സിഗരറ്റുമായി ഒരു പഴഞ്ചന്‍ LML വെസ്പയില്‍ വരും. അപ്പോള്‍ ശിങ്കിടികള്‍ ഓടി ചുറ്റും കൂടും. ഫസ്റ്റ് ഈയറായിരിക്കുമ്പോള്‍ ആ ശിങ്കിടികളില്‍ ഒരാളാകാന്‍ ഞങ്ങള്‍ കൊതിക്കും.

സെക്കന്റ് ഈയറായപ്പോള്‍ ആഗ്രഹം സഫലമായി. ഞാനും കൂട്ടത്തില്‍ ഇടം പിടിച്ചു. ഒരു ദിവസം കോളേജില്‍ എന്തോ കശപിശയുണ്ടായി. ഞാനും അതില്‍ ഉള്‍പെട്ടു. വൈകുന്നേരം അമ്പിളി അണ്ണന്‍ വന്നു. പഞ്ചായത്ത് കൂടി.

"ഇന്നെന്താ പ്രശ്നമുണ്ടായത്? ആരുണ്ടായിടുന്നു അവിടെ?" അമ്പിളി അണ്ണന്റെ ചോദ്യം.
 
ആരോ എന്നെ മുന്നിലേക്ക്‌ തള്ളി വിട്ടു. "എന്തായിരുന്നു കാര്യം?" അമ്പിളി അണ്ണന്‍ ചോദിച്ചു. ഞാന്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ വിവരിച്ചു "ല്ലവന്‍ വന്നു മറ്റവനെ ലങ്ങനെ പറഞ്ഞപ്പോള്‍... ലോണ്ടെ ലവന്‍ വന്നു ലിവനെ ലിങ്ങനെ പറഞ്ഞു ... അപ്പോള്‍ ലവനും ലിവനും കൂടെ ലങ്ങനെ കിടന്നു കടിപിടി കൂടിയപ്പോള്‍... ഞങ്ങള്‍ വന്നു ലവനെ ലിങ്ങനെ പിടിച്ചുതള്ളിയപ്പോള്‍..."

വിശദീകരണം കഴിഞ്ഞപ്പോള്‍ അമ്പിളി അണ്ണന്റെ ചോദ്യം: "നീ ചെയ്തത് ശരിയോ തെറ്റോ?"

ഞാന്‍: "അത്..."

"ശരിയോ തെറ്റോ?"

ഞാന്‍ മനസ്സില്‍ വിചാരിച്ചു: ഇതിലെന്തോന്ന്‍ തെറ്റ്? ശരി തന്നെ. പാര്‍ട്ടിക്കാരനാകുക എന്ന് പറഞ്ഞാല്‍ തന്നെ വല്ലവന്റെയും തോളില്‍ ചെന്ന് കയറാനുള്ള ടിക്കറ്റാണല്ലോ .

ഞാന്‍ ധൈര്യമായിട്ട് പറഞ്ഞു: "ശരി തന്നെ അണ്ണാ!"

"ഠപ്പേ!" പറഞ്ഞു തീര്‍ന്നതും ചെകിടത്തു അടി വീണു!

"തെമ്മാടിത്തം കാട്ടിയതും പോര , അതിനെ ന്യായീകരിക്കുന്നോടാ!"അമ്പിളി അണ്ണന്‍ അലറി. ഞാന്‍ മിണ്ടാതെ ഒരു മൂലയില്‍ പോയി നിന്നു കരഞ്ഞുതള്ളി. കുറച്ചുകഴിഞ്ഞ്  അങ്ങേരു തന്നെ വിളിച്ചു കൊണ്ടുപോയി ചായ മേടിച്ചു തന്നപ്പോള്‍ കരച്ചില്‍ നിന്നു.

രണ്ടു ആഴ്ച കഴിഞ്ഞു പിന്നെയും കോളേജില്‍ എന്തോ കശപിശ. വീണ്ടും ഞാന്‍ അതില്‍ ഉള്‍പെട്ടു. വീണ്ടും അമ്പിളി അണ്ണന്‍ വന്നു. പഞ്ചായത്ത് കൂടി.

"ഇന്നെന്താ പ്രശ്നമുണ്ടായത്? ആരുണ്ടായിടുന്നു അവിടെ?" അമ്പിളി അണ്ണന്റെ ചോദ്യം.
 
വീണ്ടും ആരോ എന്നെ മുന്നിലേക്ക്‌ തള്ളി വിട്ടു. "എന്തായിരുന്നു കാര്യം?" അമ്പിളി അണ്ണന്‍ ചോദിച്ചു. ഞാന്‍ വീണ്ടും വ്യക്തമായി കാര്യങ്ങള്‍ വിവരിച്ചു "ല്ലവന്‍ വന്നു മറ്റവനെ ലങ്ങനെ പറഞ്ഞപ്പോള്‍... "

വിശദീകരണം കഴിഞ്ഞപ്പോള്‍ വീണ്ടും അമ്പിളി അണ്ണന്റെ ചോദ്യം: "നീ ചെയ്തത് ശരിയോ തെറ്റോ?"

ഞാന്‍: "അത്..."

"ശരിയോ തെറ്റോ?"

ഞാന്‍ മനസ്സില്‍ വിചാരിച്ചു: കഴിഞ്ഞ തവണ ശരി എന്ന് പറഞ്ഞതിന് കിട്ടിയ അടിയുടെ വേദന ഇതു വരെ മാറിയിട്ടില്ല. ഇത്തവണ എന്നെ പറ്റിക്കാമെന്നു വിചാരിക്കണ്ട.

ഞാന്‍ ധൈര്യമായിട്ട് പറഞ്ഞു: "തെറ്റ് തന്നെ അണ്ണാ!"

"ഠപ്പേ!" പറഞ്ഞു തീര്‍ന്നതും ചെകിടത്തു അടി വീണു!

"തെറ്റാണെന്ന് അറിയാമെങ്കില്‍ പിന്നെ എന്തിനാടാ ചെയ്തത്!" അങ്ങേരു അലറി. കരച്ചിലും തുടര്‍ന്നുള്ള ചായകുടിയുമെല്ലാം പതിവിന്‍പടി നടന്നു.

ദോഷം പറയരുതല്ലോ. അതിനു ശേഷം ഇന്നു വരെ, ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും, ആരെങ്കിലും എന്നോട് എന്തിനെയെങ്കിലും പറ്റി "അത് ശരിയോ തെറ്റോ ?"എന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും മിണ്ടാതെ തൊഴുതുകൊണ്ട് സ്ഥലം വിടും.


Monday, July 23, 2012

ഉറക്കത്തിലെ സ്വപ്നമല്ല; ഉറക്കം വെറുമൊരു സ്വപ്നം


പത്തുപന്ത്രണ്ടു പേർ താമസിക്കുന്ന ഡോര്‍മിറ്ററി. ഇതാണ് മുംബൈയിലെ ഞങ്ങളുടെ വാസസ്ഥലം. വിവിധ പ്രായത്തിലുള്ള വിവധ ദേശക്കാരായ ആളുകള്‍, 'ഗസ്റ്റ്ഹൗസ്' എന്ന് കമ്പനിയും 'ഗോസ്റ്റ് ഹൗസ് ' എന്ന് ഞങ്ങളും ഓമനപ്പേരിട്ടു വിളിക്കുന്ന ഈ ഇടുങ്ങിയ കെട്ടിടത്തില്‍ കഴിഞ്ഞു കൂടുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടത്തിലേക്ക് പത്തമ്പത് വയസ്സുള്ള ഒരു കക്ഷി എത്തി - ഒരു ആന്ധ്രാക്കാരന്‍ റാവു. കഷണ്ടിത്തലയും തടിച്ച കഴുത്തും പെരുത്ത കുടവയറുമായി ആകെകൂടെ കണ്ടാല്‍ പേടി തോന്നുന്ന രൂപം. അങ്ങേര്‍ക്ക് കിടക്കാന്‍ ഇടം കൊടുത്തത് എന്റെ തൊട്ടടുത്ത കട്ടിലിൽ.

രാത്രിയില്‍ കാള അമറും പോലെ എന്തോ ശബ്ദം കേട്ട്  ഞാന്‍ ഞെട്ടി എണീറ്റ് നോക്കുമ്പോള്‍ പുള്ളി സുഖമായി കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ്. രാത്രി മുഴുവന്‍ പല രാഗഭേദങ്ങളോടെ 'കൂര്‍ക്കാലാപനം' തുടര്‍ന്നു . ട്രാക്ടര്‍ സ്റ്റാർട്ടാക്കുന്ന ശബ്ദവും ഫുട്ബോള്‍ മൈതാനിയിലെ റഫറിയുടെ നീട്ടിയുള്ള വിസിലടിയും ഇടയ്ക്കു കേട്ടു. മുറിക്കകത്തു ആരോ പഴയ ഡീസല്‍ ബുള്ളറ്റ് ഓടിക്കുംപോലെ. അതിന്റെ പ്രകമ്പനത്തില്‍ കട്ടില്‍  വിറയ്ക്കുന്നുണ്ടോ എന്ന് പോലും എനിക്ക് തോന്നി. ഇടയ്ക്ക് നിവര്‍ത്തിയില്ലാതെ ഞാന്‍ കുറച്ചു നേരം കട്ടിലില്‍ തന്നെ എഴുന്നേറ്റിരുന്നു. നോക്കുമ്പോള്‍ എതിര്‍വശത്തുള്ള കട്ടിലില്‍ കിടക്കുന്ന വിനീതും സുമനും ഇതേ പോലെ കട്ടിലില്‍ താടിക്ക്  കയ്യുംകൊടുത്തു ഇരിപ്പാണ്. രാവിലെ ആറു മണിയായപ്പോള്‍ ഡോർമിട്ടറിയുടെ അങ്ങേയറ്റത്ത്‌ കിടന്നിരുന്ന വിമലേഷ് വരെ എന്നോട് ദയനീയമായി വിളിച്ചുപറഞ്ഞു "എടാ ആ വണ്ടി ഒന്ന് ഓഫ് ചെയ്യെടാ!"

ഒടുവില്‍ ഏഴര മണിയായപ്പോള്‍ അദ്ദ്യേയം പള്ളിയുറക്കം വെടിഞ്ഞെഴുന്നേറ്റു. ഉറക്കം ശരിയാകാഞ്ഞതിനാല്‍ കട്ടിലില്‍ കണ്ണും തിരുമ്മി ഇരുന്ന എന്റെ മുതുകത്തു ആ ഭീമാകാരമായ കൈകൊണ്ടു 'പതുക്കെ' ഒരടി തന്നിട്ട് അയാള്‍ പറഞ്ഞു "ഈ ചൂടത്ത് ഇങ്ങനെ സുഖമായി ഉറങ്ങിയ നിങ്ങളെ സമ്മതിക്കണം! എനിക്ക് ഇന്നലെ ഒരല്പം പോലും ഉറങ്ങാന്‍ സാധിച്ചില്ല!"

കണ്ണും മിഴിച്ചു ഇരിക്കാനല്ലാതെ അതിനു ഒരു മറുപടി പറയാന്‍ എനിക്കു കഴിഞ്ഞില്ല സുഹൃത്തുക്കളെ എനിക്കു കഴിഞ്ഞില്ല!



Saturday, July 14, 2012

സബാഷ് !

ഓരോ ദിവസത്തെയും ജോലി കഴിഞ്ഞു self-appraisal ചെയ്യണം എന്നാണ് മേലാളന്മാരുടെ പുതിയ ഉത്തരവ്.അതുകൊണ്ട് ഇപ്പോള്‍ ദിവസവും ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോള്‍ ഞാന്‍ സ്വന്തമായി തോളില്‍ തട്ടി പറയും "സബാഷ് ഡോണ്‍... സബാഷ് !!"

Saturday, June 23, 2012

keralam

ഹിന്ദി വിക്കീപ്പീഡിയ വായിച്ചപ്പോള്‍ കേരളത്തെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു - കേരളം ഇന്ത്യയുടെ ഒരു 'പ്രാന്താ'ണത്രെ   ( केरल  भारत का एक प्रान्त है ) !! സത്യമെന്നല്ലാതെ എന്തു  പറയാന്‍!