പത്തുപന്ത്രണ്ടു പേർ താമസിക്കുന്ന ഡോര്‍മിറ്ററി. ഇതാണ് മുംബൈയിലെ ഞങ്ങളുടെ വാസസ്ഥലം. വിവിധ പ്രായത്തിലുള്ള വിവധ ദേശക്കാരായ ആളുകള്‍, 'ഗസ്റ്റ്ഹൗസ്' എന്ന് കമ്പനിയും 'ഗോസ്റ്റ് ഹൗസ് ' എന്ന് ഞങ്ങളും ഓമനപ്പേരിട്ടു വിളിക്കുന്ന ഈ ഇടുങ്ങിയ കെട്ടിടത്തില്‍ കഴിഞ്ഞു കൂടുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടത്തിലേക്ക് പത്തമ്പത് വയസ്സുള്ള ഒരു കക്ഷി എത്തി - ഒരു ആന്ധ്രാക്കാരന്‍ റാവു. കഷണ്ടിത്തലയും തടിച്ച കഴുത്തും പെരുത്ത കുടവയറുമായി ആകെകൂടെ കണ്ടാല്‍ പേടി തോന്നുന്ന രൂപം. അങ്ങേര്‍ക്ക് കിടക്കാന്‍ ഇടം കൊടുത്തത് എന്റെ തൊട്ടടുത്ത കട്ടിലിൽ.
രാത്രിയില്‍ കാള അമറും പോലെ എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി എണീറ്റ് നോക്കുമ്പോള്‍ പുള്ളി സുഖമായി കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ്. രാത്രി മുഴുവന്‍ പല രാഗഭേദങ്ങളോടെ 'കൂര്‍ക്കാലാപനം' തുടര്‍ന്നു . ട്രാക്ടര്‍ സ്റ്റാർട്ടാക്കുന്ന ശബ്ദവും ഫുട്ബോള്‍ മൈതാനിയിലെ റഫറിയുടെ നീട്ടിയുള്ള വിസിലടിയും ഇടയ്ക്കു കേട്ടു. മുറിക്കകത്തു ആരോ പഴയ ഡീസല്‍ ബുള്ളറ്റ് ഓടിക്കുംപോലെ. അതിന്റെ പ്രകമ്പനത്തില്‍ കട്ടില്‍ വിറയ്ക്കുന്നുണ്ടോ എന്ന് പോലും എനിക്ക് തോന്നി. ഇടയ്ക്ക് നിവര്‍ത്തിയില്ലാതെ ഞാന്‍ കുറച്ചു നേരം കട്ടിലില്‍ തന്നെ എഴുന്നേറ്റിരുന്നു. നോക്കുമ്പോള്‍ എതിര്‍വശത്തുള്ള കട്ടിലില്‍ കിടക്കുന്ന വിനീതും സുമനും ഇതേ പോലെ കട്ടിലില്‍ താടിക്ക് കയ്യുംകൊടുത്തു ഇരിപ്പാണ്. രാവിലെ ആറു മണിയായപ്പോള്‍ ഡോർമിട്ടറിയുടെ അങ്ങേയറ്റത്ത് കിടന്നിരുന്ന വിമലേഷ് വരെ എന്നോട് ദയനീയമായി വിളിച്ചുപറഞ്ഞു "എടാ ആ വണ്ടി ഒന്ന് ഓഫ് ചെയ്യെടാ!"
ഒടുവില്‍ ഏഴര മണിയായപ്പോള്‍ അദ്ദ്യേയം പള്ളിയുറക്കം വെടിഞ്ഞെഴുന്നേറ്റു. ഉറക്കം ശരിയാകാഞ്ഞതിനാല്‍ കട്ടിലില്‍ കണ്ണും തിരുമ്മി ഇരുന്ന എന്റെ മുതുകത്തു ആ ഭീമാകാരമായ കൈകൊണ്ടു 'പതുക്കെ' ഒരടി തന്നിട്ട് അയാള്‍ പറഞ്ഞു "ഈ ചൂടത്ത് ഇങ്ങനെ സുഖമായി ഉറങ്ങിയ നിങ്ങളെ സമ്മതിക്കണം! എനിക്ക് ഇന്നലെ ഒരല്പം പോലും ഉറങ്ങാന്‍ സാധിച്ചില്ല!"
കണ്ണും മിഴിച്ചു ഇരിക്കാനല്ലാതെ അതിനു ഒരു മറുപടി പറയാന്‍ എനിക്കു കഴിഞ്ഞില്ല സുഹൃത്തുക്കളെ എനിക്കു കഴിഞ്ഞില്ല!
No comments:
Post a Comment