യുണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം. അമ്പിളി അണ്ണന്റെ ഏകാധിപത്യ ഭരണം.
എന്നും വൈകുന്നേരം അമ്പിളി അണ്ണന്റെ 'ഖാപ് ' പഞ്ചായത്ത് കൂടും. കോളേജില്‍ അന്നുണ്ടായ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയും. അമ്പിളി അണ്ണന്‍ കോളേജില്‍ വരുന്നത് ഒരു കാഴ്ചയാണ്. നരച്ച ജീന്‍സും, ചുളിഞ്ഞ ഷര്‍ട്ടും, തേഞ്ഞ ചപ്പലും, ചുണ്ടില്‍ ഇപ്പോഴും എരിയുന്ന സിഗരറ്റുമായി ഒരു പഴഞ്ചന്‍ LML വെസ്പയില്‍ വരും. അപ്പോള്‍ ശിങ്കിടികള്‍ ഓടി ചുറ്റും കൂടും. ഫസ്റ്റ് ഈയറായിരിക്കുമ്പോള്‍ ആ ശിങ്കിടികളില്‍ ഒരാളാകാന്‍ ഞങ്ങള്‍ കൊതിക്കും.
സെക്കന്റ് ഈയറായപ്പോള്‍ ആഗ്രഹം സഫലമായി. ഞാനും കൂട്ടത്തില്‍ ഇടം പിടിച്ചു. ഒരു ദിവസം കോളേജില്‍ എന്തോ കശപിശയുണ്ടായി. ഞാനും അതില്‍ ഉള്‍പെട്ടു. വൈകുന്നേരം അമ്പിളി അണ്ണന്‍ വന്നു. പഞ്ചായത്ത് കൂടി.
"ഇന്നെന്താ പ്രശ്നമുണ്ടായത്? ആരുണ്ടായിടുന്നു അവിടെ?" അമ്പിളി അണ്ണന്റെ ചോദ്യം.
ആരോ എന്നെ മുന്നിലേക്ക് തള്ളി വിട്ടു. "എന്തായിരുന്നു കാര്യം?" അമ്പിളി അണ്ണന്‍ ചോദിച്ചു. ഞാന്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ വിവരിച്ചു "ല്ലവന്‍ വന്നു മറ്റവനെ ലങ്ങനെ പറഞ്ഞപ്പോള്‍... ലോണ്ടെ ലവന്‍ വന്നു ലിവനെ ലിങ്ങനെ പറഞ്ഞു ... അപ്പോള്‍ ലവനും ലിവനും കൂടെ ലങ്ങനെ കിടന്നു കടിപിടി കൂടിയപ്പോള്‍... ഞങ്ങള്‍ വന്നു ലവനെ ലിങ്ങനെ പിടിച്ചുതള്ളിയപ്പോള്‍..."
വിശദീകരണം കഴിഞ്ഞപ്പോള്‍ അമ്പിളി അണ്ണന്റെ ചോദ്യം: "നീ ചെയ്തത് ശരിയോ തെറ്റോ?"
ഞാന്‍: "അത്..."
"ശരിയോ തെറ്റോ?"
ഞാന്‍ മനസ്സില്‍ വിചാരിച്ചു: ഇതിലെന്തോന്ന്‍ തെറ്റ്? ശരി തന്നെ. പാര്‍ട്ടിക്കാരനാകുക എന്ന് പറഞ്ഞാല്‍ തന്നെ വല്ലവന്റെയും തോളില്‍ ചെന്ന് കയറാനുള്ള ടിക്കറ്റാണല്ലോ .
ഞാന്‍ ധൈര്യമായിട്ട് പറഞ്ഞു: "ശരി തന്നെ അണ്ണാ!"
"ഠപ്പേ!" പറഞ്ഞു തീര്‍ന്നതും ചെകിടത്തു അടി വീണു!
"തെമ്മാടിത്തം കാട്ടിയതും പോര , അതിനെ ന്യായീകരിക്കുന്നോടാ!"അമ്പിളി അണ്ണന്‍ അലറി. ഞാന്‍ മിണ്ടാതെ ഒരു മൂലയില്‍ പോയി നിന്നു കരഞ്ഞുതള്ളി. കുറച്ചുകഴിഞ്ഞ് അങ്ങേരു തന്നെ വിളിച്ചു കൊണ്ടുപോയി ചായ മേടിച്ചു തന്നപ്പോള്‍ കരച്ചില്‍ നിന്നു.
രണ്ടു ആഴ്ച കഴിഞ്ഞു പിന്നെയും കോളേജില്‍ എന്തോ കശപിശ. വീണ്ടും ഞാന്‍ അതില്‍ ഉള്‍പെട്ടു. വീണ്ടും അമ്പിളി അണ്ണന്‍ വന്നു. പഞ്ചായത്ത് കൂടി.
"ഇന്നെന്താ പ്രശ്നമുണ്ടായത്? ആരുണ്ടായിടുന്നു അവിടെ?" അമ്പിളി അണ്ണന്റെ ചോദ്യം.
വീണ്ടും ആരോ എന്നെ മുന്നിലേക്ക് തള്ളി വിട്ടു. "എന്തായിരുന്നു കാര്യം?" അമ്പിളി അണ്ണന്‍ ചോദിച്ചു. ഞാന്‍ വീണ്ടും വ്യക്തമായി കാര്യങ്ങള്‍ വിവരിച്ചു "ല്ലവന്‍ വന്നു മറ്റവനെ ലങ്ങനെ പറഞ്ഞപ്പോള്‍... "
വിശദീകരണം കഴിഞ്ഞപ്പോള്‍ വീണ്ടും അമ്പിളി അണ്ണന്റെ ചോദ്യം: "നീ ചെയ്തത് ശരിയോ തെറ്റോ?"
ഞാന്‍: "അത്..."
"ശരിയോ തെറ്റോ?"
ഞാന്‍ മനസ്സില്‍ വിചാരിച്ചു: കഴിഞ്ഞ തവണ ശരി എന്ന് പറഞ്ഞതിന് കിട്ടിയ അടിയുടെ വേദന ഇതു വരെ മാറിയിട്ടില്ല. ഇത്തവണ എന്നെ പറ്റിക്കാമെന്നു വിചാരിക്കണ്ട.
ഞാന്‍ ധൈര്യമായിട്ട് പറഞ്ഞു: "തെറ്റ് തന്നെ അണ്ണാ!"
"ഠപ്പേ!" പറഞ്ഞു തീര്‍ന്നതും ചെകിടത്തു അടി വീണു!
"തെറ്റാണെന്ന് അറിയാമെങ്കില്‍ പിന്നെ എന്തിനാടാ ചെയ്തത്!" അങ്ങേരു അലറി. കരച്ചിലും തുടര്‍ന്നുള്ള ചായകുടിയുമെല്ലാം പതിവിന്‍പടി നടന്നു.
ദോഷം പറയരുതല്ലോ. അതിനു ശേഷം ഇന്നു വരെ, ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും, ആരെങ്കിലും എന്നോട് എന്തിനെയെങ്കിലും പറ്റി "അത് ശരിയോ തെറ്റോ ?"എന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും മിണ്ടാതെ തൊഴുതുകൊണ്ട് സ്ഥലം വിടും.