'ഡോണ്‍ സുശീലന്‍' എന്ന പേര് എനിക്ക് മാതാപിതാക്കള്‍ ഇട്ടതുമുതല്‍ ആരംഭിച്ചതാണ് എന്റെ കഷ്ടകാലം. എന്റെ പേരിന്റെ കഷ്ടകാലം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അത്ര സര്‍വസാധാരണമായ പെരല്ലാത്തതിനാല്‍ എന്തു മാത്രം പീഡനങ്ങള്‍ അതിനു സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഒരു പേര് കാരണം ഒരായിരം പേരുകളില്‍ അറിയപ്പെടാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
എന്റെ വീട് ഒരു ഗ്രാമീണമേഖലയിലായതിനാല്‍ പേരിന്റെ പ്രശ്നം ഇരട്ടിച്ചു. 'ജോണ്‍', 'ജോണി', 'ടോണി', 'ഡോണി', 'ലോണി', 'ഡാനി', തുടങ്ങിയവ ഞാന്‍ വിളിക്കപ്പെട്ട പേരുകളില്‍ ചിലത് മാത്രമാണ്. അക്കരെ വൈദ്യന്‍കാവില്‍ നിന്ന് വരുന്നവര്‍ക്ക് ഞാന്‍ ഇപ്പോഴും 'ഡോളി'യാണ്. വെള്ളമടിച്ചു ഫിറ്റാകുമ്പോള്‍ ഫസിലാക്ക നീട്ടി ഒരു വിളിയുണ്ട് "എടാ...ഡ്രോണേ..."
സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് എന്റെ സുഹൃത്ത് സൈക്കിളില്‍ വന്നു പുറത്തു നിന്ന് വിളിച്ചു ചോദിച്ചു "ഡോണ്‍ ഉണ്ടോ ഇവിടെ". ഇതു കേട്ട് മുറ്റത്ത് നിന്ന പണിക്കാരില്‍ ഒരാള്‍ ചോദിച്ചു "ലോണോ? ഇതെന്താ ബേങ്കാണോ, ഇവിടെ വന്നു ലോണ്‍ ചോദിക്കാന്‍?". ഇതു കേട്ട് മറ്റൊരു പണിക്കാരന്‍ അയാളെ തിരുത്തി "എടാ മണ്ടാ! 'ലോണ്‍' ഉണ്ടോ എന്നല്ല, ഇവിടെ 'ഫോണ്‍' ഉണ്ടോ എന്നാണ് അവന്‍ ചോദിച്ചത്." അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തതും ലാന്‍ഡ് ഫോണിനു അപേക്ഷിച്ചാല്‍ രണ്ടു വര്‍ഷം കാത്തിരിക്കുകയും ചെയ്തിരുന്ന കാലമായിരുന്നല്ലോ. പാവം പയ്യന്‍ ആര്‍ക്കോ അത്യാവശ്യമായി വിളിക്കാന്‍ വന്നതായിരിക്കും എന്ന് കരുതി "'ഫോണ്‍' ജംഗ്ഷനിലെ എസ് ടി ഡി ബൂത്തിലുണ്ട്"എന്ന് പറഞ്ഞു അവര്‍ കൂടുകാരനെ വിട്ടു. സ്വാഭാവികമായും "'ഡോണ്‍' ജംഗ്ഷനിലെ എസ് ടി ഡി ബൂത്തിലുണ്ട്" എന്ന് വിചാരിച്ചു കൂടുകാരന്‍ അവിടെ മൊത്തം കറങ്ങി നോക്കി നിരാശനായി തിരിച്ചു പോയത് മിച്ചം!
ഇപ്പോള്‍ ഓഫീസിലും പ്രശ്നം പേരിന്റെ തന്നെ. 'ഡോണ്‍' വിളിക്കാന്‍ പറ്റിയ ഒരു പേരായി ആരും അംഗീകരിക്കുന്നില്ല. പകരം ദിവസവും തന്തയ്ക്കു വിളി കേള്‍ക്കാനാണ് എനിക്ക് യോഗം. 'സുശീല്‍' അല്ലെങ്കില്‍ 'സുശീലാ" എന്ന് മാത്രമേ എന്നെ വിളിക്കൂ. ജോലിക്ക് ചേര്‍ന്ന സമയത്ത് ഒരു മേലുദ്യോഗസ്ഥന്‍ കുറച്ചു ദൂരെ നിന്ന് "സുശീലാ...സുശീലാ..."എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടെങ്കിലും വേറെ ആരെയെങ്കിലും ആയിരിക്കുമെന്ന് കരുതി ഞാന്‍ തിരിഞ്ഞു നിന്നു. കുറച്ചുകഴിഞ്ഞു എന്റെയടുക്കല്‍ ചവിട്ടിതോഴിച്ചുകൊണ്ടു വന്ന മേലുദ്യോഗസ്ഥന്‍ "തനിക്കെന്താ ചെവി കേള്‍ക്കില്ലേ??" എന്നും മറ്റും പറഞ്ഞു കുറെ ശകാരിച്ചു. ഞാന്‍ വളരെ ദൈന്യതയോടെ എന്റെ പേര് ശരിക്കും 'ഡോണ്‍' എന്നാണെന്നും 'സുശീലന്‍' അച്ഛന്റെ പേരാണെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല.
ഇതൊക്കെ വീട്ടില്‍ പറയാന്‍ ശ്രമിച്ചാല്‍ "എന്താടാ നിന്റെ പേരിനൊരു കുഴപ്പം? ഇത്രയും നല്ല പേര് നിനക്ക് വേറെ എവിടെ കിട്ടും?" എന്നാണ് അച്ഛന്റെ വാദം. എന്തായാലും തലയിലായിപ്പോയില്ലേ. പേരിനെ ഡൈവേഴ്സ് ചെയ്തു കളയാനൊന്നും പറ്റില്ലല്ലോ. സഹിക്കുക തന്നെ.