ഒരു ദിവസം ഞാന്‍ ജോലിചെയുന്ന കമ്പനിയിലെ ജീ എം എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
"ഇരിക്കൂ" ജീ എം സ്നേഹപൂര്‍വ്വം പറഞ്ഞു. എന്നെ അദ്ദേഹത്തിന് വല്യകാര്യമാണല്ലോ. നീണ്ട കസേരയില്‍ ചാരിയിരുന്ന് അദ്ദേഹം എന്നെ ആലോച്ചനാപൂര്‍വം നോക്കി. ശമ്പളവര്‍ദ്ധനവിന്റെ കാര്യം പറയാനായിരിക്കും - ഞാന്‍ മനസ്സിലോര്‍ത്തു. ഒരു കൈ അലസമായി തലയ്ക്കു മുകളില്‍കൂടി കസേരയുടെ അറ്റത്തു പിടിച്ചിരിക്കുന്നു. മറുകയ്യില്‍ പിടിച്ചിരിക്കുന്ന മുന്തിരിങ്ങക്കുലയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഓരോ മുന്തിരിങ്ങ വായിലേക്കിടുന്നുണ്ട്.
സര്‍ ഒരു മുന്തിരിങ്ങ എനിക്കുനേരെ നീട്ടി. ഞാന്‍ വാങ്ങി വായിലിട്ടുചവച്ചു.
"ഡോണ്‍" സര്‍ പതുക്കെതുടങ്ങി "ഒരു ബാസ്കറ്റില്‍ ടെന്‍ എഗ്ഗ്സുണ്ടെങ്കില്‍, അതില്‍ ഒരു എഗ്ഗ് റൊട്ടനായാല്‍ മതി ആ ബാസ്കറ്റിലെ മുഴുവന്‍ എഗ്ഗ്സും റൊട്ടനാകും", മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍കൂടിയായ സര്‍ പറഞ്ഞു.
പറഞ്ഞത് അടുക്കളകാര്യമാണോ തത്വചിന്തയാണോ എന്നു മനസ്സിലായില്ലെങ്കിലും ഞാന്‍ മുഖത്ത് ഗൗരവഭാവം വരുത്തി തലയാട്ടി സാറിനോട് യോജിച്ചു.
സര്‍ വീണ്ടും മുന്തിരി നീട്ടി. ഞാന്‍ വാങ്ങി ചവച്ചു.
"അതുപോലെ" സര്‍ തുടര്‍ന്നു "ഈ ഓഫീസില്‍ ഒരു റോട്ടന്‍ എഗ്ഗുണ്ട്. അതാരാണെന്നു തനിക്കു അറിയാമോ?"
അറിയാനുള്ള അകാംക്ഷ എന്റെ മുഖത്തു പ്രതിഫലിച്ചു. "ഇല്ല സര്‍" ഞാന്‍ പറഞ്ഞു.
പെട്ടെന്ന് കസേരയില്‍ നിന്ന് മുന്നോട്ടാഞ്ഞു ഒരു കൈകൊണ്ട് മേശപ്പുറത്തടിച്ച്, മുന്തിരിക്കുല പിടിച്ച കൈ എനിക്ക് നേരെ ചൂണ്ടികൊണ്ട് സര്‍ അലറി: "യൂ! യൂ! യൂ ആര്‍ ദാറ്റ് റോട്ടന്‍ എഗ്ഗ്!"
ആമ തല ഉള്‍വലിക്കും പോലെ എന്റെ തല തോളുകലള്‍ക്കിടയിലേക്ക് താണു. സാറിന്റെ കയ്യില്‍ നിന്ന് തറയില്‍ വീണു തുള്ളിച്ചാടുന്ന മുന്തിരിങ്ങയില്‍ എന്റെ കണ്ണുടക്കി നിന്നു (ഒരു മുന്തിരിങ്ങ കിട്ടിയിരുന്നെങ്കില്‍!). സാറിന്റെ മുഖത്ത് നോക്കാന്‍ വയ്യ.
"താന്‍ വരുന്നതിനു മുന്‍പ് ഇവിടെ ഒരു പ്രശ്നവും ഇല്ലായിരുന്നു. ഇപ്പോള്‍ ഡെയിലി വെള്ളമടി, അടിപിടി, സമരം!" അരമണിക്കൂര്‍ ജീ എമ്മിന്റെ നിര്‍ത്താതെയുള്ള തെറിവിളി. ഒടുവില്‍ "ഫൈനല്‍ വാര്‍ണിങ് " എന്ന് അച്ചടിച്ച ഒരു കടലാസ്സും തന്നു.
അതും മേടിച്ചു ഞാന്‍ തിരിച്ചു കാബിനിലേക്ക് ചെല്ലുമ്പോള്‍ അവിടെ ആകാംക്ഷയോടെ സുമോദും അനന്തനും ഇരിപ്പുണ്ട് .
"എന്തായി?"
"ഫൈനല്‍ വാര്‍ണിങ്" ഞാന്‍ പേപ്പര്‍ ഉയര്‍ത്തി കാണിച്ചു.
അപ്പോള്‍ ഇരുവരും ഏകസ്വരത്തില്‍ ചോദിച്ചു: "വീണ്ടും?!"
ഞാന്‍ പതുക്കെ ചിരിച്ചു കണ്ണിറുക്കി
"വീണ്ടും!"