Thursday, December 15, 2011

പേരിലെ ഭീകരന്‍

പേരുകഥയ്ക്കൊരു അനുബന്ധം.

സി. ഐ.രാജ്‌മോഹന്‍ പറഞ്ഞത് "പേര് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു ഭീകരന്‍ ആയിരിക്കുമെന്ന്. നിന്നെ കണ്ടാല്‍ പല്ലികുഞ്ഞിനെ പോലെയാണല്ലോടേ ഇരിക്കുന്നത്!"

Wednesday, December 14, 2011

ആയിരം പേരുകളുള്ള ഞാന്‍....

'ഡോണ്‍ സുശീലന്‍' എന്ന പേര് എനിക്ക് മാതാപിതാക്കള്‍ ഇട്ടതുമുതല്‍ ആരംഭിച്ചതാണ് എന്റെ കഷ്ടകാലം. എന്റെ പേരിന്റെ കഷ്ടകാലം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അത്ര സര്‍വസാധാരണമായ പെരല്ലാത്തതിനാല്‍ എന്തു മാത്രം പീഡനങ്ങള്‍ അതിനു സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഒരു പേര് കാരണം ഒരായിരം പേരുകളില്‍ അറിയപ്പെടാനുള്ള ഭാഗ്യവും എനിക്കുണ്ടായി.

എന്റെ വീട് ഒരു ഗ്രാമീണമേഖലയിലായതിനാല്‍ പേരിന്റെ പ്രശ്നം ഇരട്ടിച്ചു. 'ജോണ്‍', 'ജോണി', 'ടോണി', 'ഡോണി', 'ലോണി', 'ഡാനി', തുടങ്ങിയവ ഞാന്‍ വിളിക്കപ്പെട്ട പേരുകളില്‍ ചിലത് മാത്രമാണ്. അക്കരെ വൈദ്യന്‍കാവില്‍ നിന്ന് വരുന്നവര്‍ക്ക് ഞാന്‍ ഇപ്പോഴും 'ഡോളി'യാണ്. വെള്ളമടിച്ചു ഫിറ്റാകുമ്പോള്‍ ഫസിലാക്ക നീട്ടി ഒരു വിളിയുണ്ട് "എടാ...ഡ്രോണേ..."

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് എന്റെ സുഹൃത്ത് സൈക്കിളില്‍ വന്നു പുറത്തു നിന്ന് വിളിച്ചു ചോദിച്ചു "ഡോണ്‍ ഉണ്ടോ ഇവിടെ". ഇതു കേട്ട് മുറ്റത്ത്‌ നിന്ന പണിക്കാരില്‍ ഒരാള്‍ ചോദിച്ചു "ലോണോ? ഇതെന്താ ബേങ്കാണോ, ഇവിടെ വന്നു ലോണ്‍ ചോദിക്കാന്‍?". ഇതു കേട്ട് മറ്റൊരു പണിക്കാരന്‍ അയാളെ തിരുത്തി "എടാ മണ്ടാ! 'ലോണ്‍' ഉണ്ടോ എന്നല്ല, ഇവിടെ 'ഫോണ്‍' ഉണ്ടോ എന്നാണ് അവന്‍ ചോദിച്ചത്." അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തതും ലാന്‍ഡ്‌ ഫോണിനു അപേക്ഷിച്ചാല്‍ രണ്ടു വര്‍ഷം കാത്തിരിക്കുകയും ചെയ്തിരുന്ന കാലമായിരുന്നല്ലോ. പാവം പയ്യന്‍ ആര്‍ക്കോ അത്യാവശ്യമായി വിളിക്കാന്‍ വന്നതായിരിക്കും എന്ന് കരുതി "'ഫോണ്‍' ജംഗ്ഷനിലെ എസ് ടി ഡി ബൂത്തിലുണ്ട്"എന്ന് പറഞ്ഞു അവര്‍ കൂടുകാരനെ വിട്ടു. സ്വാഭാവികമായും "'ഡോണ്‍' ജംഗ്ഷനിലെ എസ് ടി ഡി ബൂത്തിലുണ്ട്" എന്ന് വിചാരിച്ചു കൂടുകാരന്‍ അവിടെ മൊത്തം കറങ്ങി നോക്കി നിരാശനായി തിരിച്ചു പോയത് മിച്ചം!

ഇപ്പോള്‍ ഓഫീസിലും പ്രശ്നം പേരിന്റെ തന്നെ. 'ഡോണ്‍' വിളിക്കാന്‍ പറ്റിയ ഒരു പേരായി ആരും അംഗീകരിക്കുന്നില്ല. പകരം ദിവസവും തന്തയ്ക്കു വിളി കേള്‍ക്കാനാണ്‌ എനിക്ക് യോഗം. 'സുശീല്‍' അല്ലെങ്കില്‍ 'സുശീലാ" എന്ന് മാത്രമേ എന്നെ വിളിക്കൂ. ജോലിക്ക് ചേര്‍ന്ന സമയത്ത് ഒരു മേലുദ്യോഗസ്ഥന്‍ കുറച്ചു ദൂരെ നിന്ന് "സുശീലാ...സുശീലാ..."എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടെങ്കിലും വേറെ ആരെയെങ്കിലും ആയിരിക്കുമെന്ന് കരുതി ഞാന്‍ തിരിഞ്ഞു നിന്നു. കുറച്ചുകഴിഞ്ഞു എന്റെയടുക്കല്‍ ചവിട്ടിതോഴിച്ചുകൊണ്ടു വന്ന മേലുദ്യോഗസ്ഥന്‍ "തനിക്കെന്താ ചെവി കേള്‍ക്കില്ലേ??" എന്നും മറ്റും പറഞ്ഞു കുറെ ശകാരിച്ചു. ഞാന്‍ വളരെ ദൈന്യതയോടെ എന്റെ പേര് ശരിക്കും 'ഡോണ്‍' എന്നാണെന്നും 'സുശീലന്‍' അച്ഛന്റെ പേരാണെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല.

ഇതൊക്കെ വീട്ടില്‍ പറയാന്‍ ശ്രമിച്ചാല്‍ "എന്താടാ നിന്റെ പേരിനൊരു കുഴപ്പം? ഇത്രയും നല്ല പേര് നിനക്ക് വേറെ എവിടെ കിട്ടും?" എന്നാണ് അച്ഛന്റെ വാദം. എന്തായാലും തലയിലായിപ്പോയില്ലേ. പേരിനെ ഡൈവേഴ്സ് ചെയ്തു കളയാനൊന്നും പറ്റില്ലല്ലോ. സഹിക്കുക തന്നെ.

Wednesday, June 1, 2011

സ്നേഹമാണ് അഖിലസാരം ... ഊം...ഛെ!...ഊഴിയില്‍

Sunday, March 27, 2011

ഒരു ഇന്റര്‍വ്യൂ കഥ

ഈ അടുത്ത കാലത്ത് ഒരു മാധ്യമസ്ഥാപനത്തില്‍ എനിക്ക് ഒരു അഭിമുഖത്തില്‍ പങ്കെടുക്കേണ്ടി വന്നു. കോഴിക്കോട് വച്ചായിരുന്നു അഭിമുഖം.

രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി സ്ഥാപനത്തിന്റെ ഓഫീസ് കണ്ടുപിടിക്കാന്‍ ശ്രമമാരംഭിച്ചു. ഒരു കടയുടെ മുന്നില്‍ ചൂലുമായി നില്‍ക്കുന്ന ഒരു ചേട്ടനോട് ഞാന്‍ ഓഫീസ് തിരക്കി. സമീപത്തുള്ള പൊളിഞ്ഞു വീഴാറായ ഒരു പബ്ലിക് യൂറിനല്‍ ചൂണ്ടി അയാള്‍ പറഞ്ഞു - "ദാ...അവിടെ"

!!!

'മൂത്രഭൂമി' അല്ല ചേട്ടാ - ഞാന്‍ വീണ്ടും സ്ഥാപനത്തിന്റെ പേര് പറഞ്ഞു. 'മൂന്നു, നാല് പീടികയ്ക്കപ്പുറമുള്ള ഇമ്മിണി ബല്യ ഒരു പീടിക' അദ്ദേഹം എനിക്ക് കൃത്യമായി കാണിച്ചു തന്നു.

ഇന്റര്‍വ്യൂ തുടങ്ങാന്‍ കാത്തു നിന്നപ്പോള്‍ എന്നെ അമ്പരപ്പിച്ച ഒരു കാഴച്ചയും ഞാന്‍ അവിടെ കണ്ടു. എനിക്ക് എതിര്‍വശത്തായി നാല് സുന്ദരികളിരിക്കുന്നു. അവര്‍ തമ്മില്‍ ഒരേ സംസാരം. എന്തിനെപ്പറ്റിയെന്നോ? മുല്ലപ്പെരിയാര്‍ വിഷയം!! എന്റെ കണ്ണുകള്‍ നിറഞ്ഞു...
ഭയങ്കരത്തികള്‍!

ഉച്ചയ്ക്ക് അവിടുത്തെ ഒരു സ്റ്റാഫ്‌ വന്നു തനി കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞു - "ഊണ് കയ്യിച്ചേക്കണ് ". അതിന്റെ അര്‍ഥം "ഊണ് കഴിച്ചോ?", "ഊണ് കഴിഞ്ഞു", "ഊണ് കഴിച്ചിട്ട് വരൂ" ഇനി അതുമല്ല അയാള്‍ ഊണ് കഴിച്ചു - ഇവയിലേതാണെന്നറിയാതെ ഞാന്‍ കുഴഞ്ഞു. ഒടുവില്‍ തലയാട്ടി കാണിച്ചു ഞാന്‍ രക്ഷപ്പെട്ടു.

ഇങ്ങനെ ഒരു അഭിമുഖത്തിനു എന്ത് മാത്രം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കണം! എന്റെ അമ്മേ!

Saturday, March 26, 2011

ഒരു വിഷമം

ഇന്നലെ ഒരു അടുത്ത സുഹൃത്ത്‌ വളരെ വിഷമത്തോടെ, കണ്ണ് നിറഞ്ഞു കൊണ്ട്, എന്നോട് ആത്മാര്‍ത്ഥമായിട്ട് പറഞ്ഞു "നിന്നെ കണ്ടിട്ട് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല....നീ എന്താടാ ഇങ്ങനെയായത് ...നീ എങ്ങനെയാടാ ഇങ്ങനെ...നന്നായത്!

കേട്ടപ്പോള്‍ എനിക്ക് തന്നെ വിഷമം തോന്നി.

131 days and counting ...

Saturday, February 12, 2011

ഒരു മെഡല്‍ നഷ്ടത്തിന്റെ കഥ

ടിന്റു ലൂക്കയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ കഷ്ടിച്ച് നഷ്ടമായ വാര്‍ത്ത വായിച്ചപ്പോഴാണ് പണ്ട് എനിക്കും ഇതേ ദുരവസ്ഥ വന്നിട്ടുള്ളത് ഞാന്‍ ഓര്‍ത്തത്‌. സ്കൂളില്‍ പഠിക്കുമ്പോള്‍ 800 മീറ്റര്‍ ഓട്ടത്തില്‍ എനിക്കും മെഡല്‍ കഷ്ടിച്ചാണ് ലഭിക്കാതെ പോയത്. മെഡല്‍ കിട്ടിയിരുന്നെങ്കില്‍ എന്റെ ജീവിതം തന്നെ വേറെ ട്രാക്കിലായിപ്പോയേനെ.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഡേയ്ക്ക് 800 മീറര്‍ ഓട്ടത്തില്‍ എന്നെയും ഒരദ്ധ്യാപിക നിര്‍ബന്ധിച്ചു പേര് കൊടുപ്പിച്ചു. സ്ടാര്‍ട്ടിംഗ് പോയിന്റില്‍ ഞാനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം തയ്യാറായി. സ്ടാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് തുടങ്ങിയാല്‍ തിരിച്ചു അവിടെയെത്താന്‍ 400 മീറ്ററാണ് ദൂരം. അപ്പോള്‍ 800 മീറ്റര്‍ എന്ന് വച്ചാല്‍ സ്കൂള്‍ ഗ്രൌണ്ടിനു ചുറ്റും രണ്ടു റൗണ്ട്. സ്ടാര്‍ട്ടിംഗ് പോയിന്റ് തന്നെ ഫിനിഷിംഗ് പോയിന്റും.

വെടി പൊട്ടി. ഓട്ടം തുടങ്ങി. ഞാന്‍ കണ്ണുമടച്ച് വായുവേഗത്തില്‍ പാഞ്ഞു. ആദ്യത്തെ റൗണ്ട് പകുതിയെത്തി ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ ബഹുദൂരം പിന്നില്‍. പിന്നീടാണ് എനിക്ക് മനസ്സിലായത് അവര്‍ ആദ്യത്തെ റൗണ്ട് പൂര്‍ത്തീകരിച്ചു രണ്ടാമത്തെ റൗണ്ട് ഓടുകയായിരുന്നെന്ന്‍. എന്തായാലും ഞാന്‍ ആദ്യത്തെ റൗണ്ട് തീര്‍ത്തതും ബാക്കിയുള്ളവര്‍ അവസാനത്തെ റൗണ്ട് തീര്‍ത്തതും ഒരുമിച്ചായിരുന്നു.

ഞാന്‍ രണ്ടാമത്തെ റൗണ്ട് ഓടാന്‍ തുടങ്ങിയതും സ്ടാര്‍ട്ടിംഗ് പോയിന്റിനു സമീപം നിന്ന ഒരദ്ധ്യാപകന്‍ ചാടിവീണു എന്റെ കയ്യില്‍ കയറിപ്പിടിച്ചിട്ടു പ്രഖ്യാപിച്ചു "ഇവന്‍ തേര്‍ഡ്!"

ഞാന്‍ ഞെട്ടി. ഫിനിഷിംഗ് ലൈനില്‍ മാത്രം സൂക്ഷ്മമായി ശ്രദ്ധിച്ചു നിന്ന അദ്ധ്യാപകന്‍, ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പിന്നിലായി എന്നെ കണ്ടപ്പോള്‍, ഞാന്‍ ഒന്നാമത്തെ റൗണ്ട് പൂര്‍ത്തീകരിക്കുന്നേ ഉള്ളു എന്ന കാര്യം ശ്രദ്ധിച്ചില്ല.

എന്തായാലും സത്യം വിളിച്ചു പറഞ്ഞാല്‍ അദ്ധ്യാപകന്‍ ചമ്മിപ്പോകുമല്ലോ എന്ന് വിചാരിച്ചു ഞാനൊന്നും മിണ്ടിയില്ല (എന്റെ ഒരു ഗുരുഭക്തി!). അപ്പോള്‍ പി ടി സര്‍ വിജയികളുടെ പേര് എഴുതിയെടുക്കാനായി അവിടെ എത്തി.

"ഒന്നാം സ്ഥാനം...അഭിലാഷ്. രണ്ടാം സ്ഥാനം...വിവേക്. ആരാ മൂന്നാമതെത്തിയത്?"

"ദാ... പയ്യനാണ് " അദ്ധ്യാപകന്‍ എന്റെ കൈപ്പിടിച്ചു പൊക്കി.

പി ടി സര്‍ എന്നെ നോക്കി "ഇവനോ??"

ഞാന്‍ ഒരു വളിച്ച ചിരി ചിരിക്കാന്‍ ശ്രമിച്ചു.

പി ടി സര്‍ എന്റെ ചെവിയില്‍പ്പിടിച്ചു "നീ ഒരു റൗണ്ടല്ലേ ഓടിയുള്ളൂ?"

ചെവിയില്‍ സഹിക്കാന്‍ കഴിയാത്ത വേദന "അയ്യോ...അതേ സാര്‍"

"പിന്നെന്തിനാ നീ കള്ളം പറഞ്ഞത്?"

"കള്ളം പറഞ്ഞതല്ല സാറേ...ഞാന്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ ദേ... സാര്‍ എന്നെ പിടിച്ചുനിര്‍ത്തിയതാ!" (ഗുരുഭക്തി അപ്രത്യക്ഷം!)

"പോയി ബാക്കിയുംകൂടി ഓടിത്തീര്‍ക്കെടാ!" പി ടി സര്‍ ആജ്ഞാപിച്ചു.

ഞാന്‍ വീണ്ടും ഓട്ടം തുടങ്ങി. അപ്പോഴേക്കും ബാക്കിയെല്ലാവരും ഫിനിഷ് ചെയ്തു കഴിഞ്ഞിരുന്നു. അതിവിശാലമായ ഗ്രൗണ്ടില്‍ ഞാന്‍ ഒറ്റയ്ക്ക് കിടന്നോടുന്ന കാഴ്ച്ച! അത് കണ്ടു കയ്യടിച്ചു ആര്‍ത്തട്ടഹസിച്ചു ചിരിക്കാന്‍ എന്റെ സഹപാഠികളും, പിന്നെ ഒരു രണ്ടായിരം പേരും! എന്റെ ഉള്ളിലെ കായികതാരം അന്ന്, നിമിഷം, അവിടെവച്ച് മരിച്ചു! അല്ല! മൃഗീയമായി കൊലചെയ്യപ്പെട്ടു!

എന്തായാലും റൗണ്ട് ഞാന്‍ ഓടി തീര്‍ത്തില്ല. ഗ്രൗണ്ടില്‍ അങ്ങേയറ്റത്തുള്ള പാറക്കൂട്ടത്തിന് സമീപമെത്തിയപ്പോള്‍ ഞാന്‍ അതിനിടയില്‍ക്കൂടി ഓടി പുറകിലത്തെ മതില് ചാടി നേരെ വീട്ടില്‍പ്പോയി. നാണംകെട്ടു എങ്ങനെ തിരിച്ചുവലിഞ്ഞു കയറി ചെല്ലും?

അങ്ങനെ എനിക്ക് ഒരു മെഡല്‍ കഷ്ടിച്ച് നഷ്ടമായി. വിധി ക്രൂരമായി ഇടപ്പെട്ടില്ലായിരുന്നെങ്കില്‍... പി ടി സാറിന്റെ കണ്ണൊന്നു തെറ്റിയിരുന്നെങ്കില്‍... ഞാന്‍ ഒരു മെഡല്‍ ജേതാവായേനെ. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും എന്റെ പേര് മുഴങ്ങി കേട്ടേനെ... വര്‍ഷം ലണ്ടനില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തെ ഒരുപക്ഷെ ഞാന്‍ നയിച്ചേനേ...

ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി ഇതേ എനിക്ക് പറയാനുള്ളൂ - "ഇന്ത്യയുടെ നഷ്ടം!".
അല്ലാതെന്തു പറയാന്‍...

.

Friday, January 21, 2011

പാക്കരന്റെ തത്ത്വമസി

ശബരിമലയില്‍ പോയിവന്നതില്‍ പിന്നെ പാക്കരന്‍ ചില പുതിയ രീതികളൊക്കെ തുടങ്ങിയിട്ടുണ്ട് . അതിലൊന്ന് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാല്‍ അഞ്ചു മിനിറ്റ് കണ്ണാടിയില്‍ നോക്കി നില്‍ക്കും. എന്നിട്ട് തന്റെ പ്രതിബിംബത്തെ രൂക്ഷമായി നോക്കി ദൃഡസ്വരത്തില്‍ പറയും:

"ഞാന്‍ നീ തന്നെ ആകുന്നു!"

പിന്നെ ഒരു പുഞ്ചിരിയോടെ തന്റെ ദിനചര്യകളിലേക്ക്‌ കടക്കും. "തത്ത്വമസി" എന്നാണത്രേ ഇതിനു പാക്കരന്‍ നല്‍കിയിരിക്കുന്ന പേര്.

Tuesday, January 4, 2011

വീണ്ടും തമിഴ് ഭൂതം!

വീണ്ടും തമിഴ് ഭൂതം!

"അതെ" എന്ന്‍ അര്‍ഥം വരുന്ന തരത്തില്‍ മലയാളത്തിലെ "ഓ..."യും തമിഴിലെ "ആമ..."യും ചേര്‍ന്ന്‍ ഒരു പുതിയ വാക്ക് ഞാന്‍ സൃഷ്ടിച്ചു - "ഓമ!"

ഉദാഹരണം-

ചോദ്യം: "സ്വാമീ...ഇതാണോ മാളികപ്പുറത്തേക്കുള്ള വഴി?"
എന്റെ ഉത്തരം: "ഓമ...ഓമ..."