Saturday, June 26, 2010

ആമുഖം

ആരാണ് പാക്കരന്‍?

പാക്കരന്‍ തിരുവനന്തപുരം ജില്ലക്കാരനാണ്. ഒരു പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ചെറുപ്പക്കാരനെ അറിയാമായിരിക്കും. സുന്ദരന്‍. തൊഴില്‍രഹിതന്‍. പരോപകാരി. ഒരു ചെറിയ കുഴപ്പമേയുള്ളു - പാക്കരന്‍ വാ തുറന്നാല്‍ നുണയേ പറയു. നുണയെന്നു പറഞ്ഞാല്‍ അങ്ങിനെ ആര്‍ക്കും ഉപദ്രവമുള്ള നുണയോന്നുമല്ല. 'പുളു' എന്ന് വേണമെങ്കില്‍ നാടന്‍ ഭാഷയില്‍ പറയാം.

ഇതാ ഒരു സാമ്പള്‍:

അമ്പലപ്പറമ്പില്ലേക്ക് ഓടികൊണ്ട് വന്ന പാക്കരന്‍ - "അറിഞ്ഞോ?? പാലോട് പടക്കശാലയ്ക്ക് തീ പിടിച്ചു ആയിരം പേര്‍ മരിച്ചു!"

"ആയിരം പേരോ??"

"ഒരു അഞ്ഞൂറ് പേരെങ്കിലും മരിച്ചു കാണും"

"ചുമ്മാതായിരിക്കും. നിന്നോട് ആര് പറഞ്ഞു?"

"ടിവിയില്‍ ഫ്ലാഷ് ന്യൂസ്‌ ഉണ്ടായിരുന്നു. ഇരുനൂറു പേര്‍ ഉറപ്പായും മരിച്ചു"

"പോടാ പുളു അടിക്കാതെ"

"ശ്ശെ! സംഭവസ്ഥലത്തുണ്ടായിരുന്ന എന്റെ ഒരു കൂട്ടുക്കാരന്‍ വിളിച്ചു പറഞ്ഞതാ. പത്തു മുപ്പതു പേര്‍ എന്തായാലും മരിച്ചു..."

"സത്യം പറയെടാ പാക്കരാ!"

"അണ്ണാ... രണ്ടു പേര്‍ മരിച്ചണ്ണാ..."

ഇതാണ് പാക്കരന്‍. രണ്ടു പേര്‍ മരിച്ചിടത്ത് ആയിരം പേരെ കശാപ്പ് ചെയ്തു കളയും. ഒരല്‍പ്പം പുളു. ഒരല്‍പ്പം നുണ. വസ്തുതകളെ ഒരല്‍പ്പം പെരുപ്പിക്കാതെ പാക്കരന് പറയാന്‍ പറ്റില്ല. അത്രേയുള്ളു.