ടിന്റു ലൂക്കയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ കഷ്ടിച്ച് നഷ്ടമായ വാര്‍ത്ത വായിച്ചപ്പോഴാണ് പണ്ട് എനിക്കും ഇതേ ദുരവസ്ഥ വന്നിട്ടുള്ളത് ഞാന്‍ ഓര്‍ത്തത്. സ്കൂളില്‍ പഠിക്കുമ്പോള്‍ 800 മീറ്റര്‍ ഓട്ടത്തില്‍ എനിക്കും മെഡല്‍ കഷ്ടിച്ചാണ് ലഭിക്കാതെ പോയത്. ആ മെഡല്‍ കിട്ടിയിരുന്നെങ്കില്‍ എന്റെ ജീവിതം തന്നെ വേറെ ട്രാക്കിലായിപ്പോയേനെ.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഡേയ്ക്ക് 800 മീറര്‍ ഓട്ടത്തില്‍ എന്നെയും ഒരദ്ധ്യാപിക നിര്‍ബന്ധിച്ചു പേര് കൊടുപ്പിച്ചു. സ്ടാര്‍ട്ടിംഗ് പോയിന്റില്‍ ഞാനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം തയ്യാറായി. സ്ടാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് തുടങ്ങിയാല്‍ തിരിച്ചു അവിടെയെത്താന്‍ 400 മീറ്ററാണ് ദൂരം. അപ്പോള്‍ 800 മീറ്റര്‍ എന്ന് വച്ചാല്‍ സ്കൂള്‍ ഗ്രൌണ്ടിനു ചുറ്റും രണ്ടു റൗണ്ട്. സ്ടാര്‍ട്ടിംഗ് പോയിന്റ് തന്നെ ഫിനിഷിംഗ് പോയിന്റും.
വെടി പൊട്ടി. ഓട്ടം തുടങ്ങി. ഞാന്‍ കണ്ണുമടച്ച് വായുവേഗത്തില്‍ പാഞ്ഞു. ആദ്യത്തെ റൗണ്ട് പകുതിയെത്തി ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ ബഹുദൂരം പിന്നില്‍. പിന്നീടാണ് എനിക്ക് മനസ്സിലായത് അവര്‍ ആദ്യത്തെ റൗണ്ട് പൂര്‍ത്തീകരിച്ചു രണ്ടാമത്തെ റൗണ്ട് ഓടുകയായിരുന്നെന്ന്‍. എന്തായാലും ഞാന്‍ ആദ്യത്തെ റൗണ്ട് തീര്‍ത്തതും ബാക്കിയുള്ളവര്‍ അവസാനത്തെ റൗണ്ട് തീര്‍ത്തതും ഒരുമിച്ചായിരുന്നു.
ഞാന്‍ രണ്ടാമത്തെ റൗണ്ട് ഓടാന്‍ തുടങ്ങിയതും സ്ടാര്‍ട്ടിംഗ് പോയിന്റിനു സമീപം നിന്ന ഒരദ്ധ്യാപകന്‍ ചാടിവീണു എന്റെ കയ്യില്‍ കയറിപ്പിടിച്ചിട്ടു പ്രഖ്യാപിച്ചു "ഇവന്‍ തേര്‍ഡ്!"
ഞാന്‍ ഞെട്ടി. ഫിനിഷിംഗ് ലൈനില്‍ മാത്രം സൂക്ഷ്മമായി ശ്രദ്ധിച്ചു നിന്ന അദ്ധ്യാപകന്‍, ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പിന്നിലായി എന്നെ കണ്ടപ്പോള്‍, ഞാന്‍ ഒന്നാമത്തെ റൗണ്ട് പൂര്‍ത്തീകരിക്കുന്നേ ഉള്ളു എന്ന കാര്യം ശ്രദ്ധിച്ചില്ല.
എന്തായാലും സത്യം വിളിച്ചു പറഞ്ഞാല്‍ ആ അദ്ധ്യാപകന്‍ ചമ്മിപ്പോകുമല്ലോ എന്ന് വിചാരിച്ചു ഞാനൊന്നും മിണ്ടിയില്ല (എന്റെ ഒരു ഗുരുഭക്തി!). അപ്പോള്‍ പി ടി സര്‍ വിജയികളുടെ പേര് എഴുതിയെടുക്കാനായി അവിടെ എത്തി.
"ഒന്നാം സ്ഥാനം...അഭിലാഷ്. രണ്ടാം സ്ഥാനം...വിവേക്. ആരാ മൂന്നാമതെത്തിയത്?"
"ദാ... ഈ പയ്യനാണ് " അദ്ധ്യാപകന്‍ എന്റെ കൈപ്പിടിച്ചു പൊക്കി.
പി ടി സര്‍ എന്നെ നോക്കി "ഇവനോ??"
ഞാന്‍ ഒരു വളിച്ച ചിരി ചിരിക്കാന്‍ ശ്രമിച്ചു.
പി ടി സര്‍ എന്റെ ചെവിയില്‍പ്പിടിച്ചു "നീ ഒരു റൗണ്ടല്ലേ ഓടിയുള്ളൂ?"
ചെവിയില്‍ സഹിക്കാന്‍ കഴിയാത്ത വേദന "അയ്യോ...അതേ സാര്‍"
"പിന്നെന്തിനാ നീ കള്ളം പറഞ്ഞത്?"
"കള്ളം പറഞ്ഞതല്ല സാറേ...ഞാന്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ ദേ... ഈ സാര്‍ എന്നെ പിടിച്ചുനിര്‍ത്തിയതാ!" (ഗുരുഭക്തി അപ്രത്യക്ഷം!)
"പോയി ബാക്കിയുംകൂടി ഓടിത്തീര്‍ക്കെടാ!" പി ടി സര്‍ ആജ്ഞാപിച്ചു.
ഞാന്‍ വീണ്ടും ഓട്ടം തുടങ്ങി. അപ്പോഴേക്കും ബാക്കിയെല്ലാവരും ഫിനിഷ് ചെയ്തു കഴിഞ്ഞിരുന്നു. ആ അതിവിശാലമായ ഗ്രൗണ്ടില്‍ ഞാന്‍ ഒറ്റയ്ക്ക് കിടന്നോടുന്ന കാഴ്ച്ച! അത് കണ്ടു കയ്യടിച്ചു ആര്‍ത്തട്ടഹസിച്ചു ചിരിക്കാന്‍ എന്റെ സഹപാഠികളും, പിന്നെ ഒരു രണ്ടായിരം പേരും! എന്റെ ഉള്ളിലെ കായികതാരം അന്ന്, ആ നിമിഷം, അവിടെവച്ച് മരിച്ചു! അല്ല! മൃഗീയമായി കൊലചെയ്യപ്പെട്ടു!
എന്തായാലും ആ റൗണ്ട് ഞാന്‍ ഓടി തീര്‍ത്തില്ല. ഗ്രൗണ്ടില്‍ അങ്ങേയറ്റത്തുള്ള പാറക്കൂട്ടത്തിന് സമീപമെത്തിയപ്പോള്‍ ഞാന്‍ അതിനിടയില്‍ക്കൂടി ഓടി പുറകിലത്തെ മതില് ചാടി നേരെ വീട്ടില്‍പ്പോയി. നാണംകെട്ടു എങ്ങനെ തിരിച്ചുവലിഞ്ഞു കയറി ചെല്ലും?
അങ്ങനെ എനിക്ക് ഒരു മെഡല്‍ കഷ്ടിച്ച് നഷ്ടമായി. വിധി ക്രൂരമായി ഇടപ്പെട്ടില്ലായിരുന്നെങ്കില്‍... പി ടി സാറിന്റെ കണ്ണൊന്നു തെറ്റിയിരുന്നെങ്കില്‍... ഞാന്‍ ഒരു മെഡല്‍ ജേതാവായേനെ. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും എന്റെ പേര് മുഴങ്ങി കേട്ടേനെ...ഈ വര്‍ഷം ലണ്ടനില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തെ ഒരുപക്ഷെ ഞാന്‍ നയിച്ചേനേ...
ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി ഇതേ എനിക്ക് പറയാനുള്ളൂ - "ഇന്ത്യയുടെ നഷ്ടം!".
അല്ലാതെന്തു പറയാന്‍...
.
odaan poyirunnenkil ee vellamellaam aa sasi chettan ottakk adichchu theerththene.......
ReplyDelete:D