പണ്ട് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ പത്തമ്പത് പേരുമായി ക്യാമ്പസിനകത്തു റോന്തു ചുറ്റുന്നതിനിടയില്‍ മലയാളം എം. എ. ക്ലാസ്സില്‍ കയറി. അവിടെ സുന്ദരനായ ഒരു യുവാവിന്റെ പടം ചുമരില്‍ ഒട്ടിച്ചിരിക്കുന്നു. "ഇത് ഇ.എം.എസ്സി.ന്റെ ചെറുപ്പത്തിലെ പടമല്ലേ?" ഞാന്‍ എന്റെ അറിവ് വിളമ്പി. "പോടാ മണ്ടാ!" ബിനു ഐ.പി. എന്നെ ശാസിച്ചു "അത് സഖാവ് നായനാരാണ്." അപ്പോള്‍ യാസ്സിം ഇടപെട്ടു "നിങ്ങള്‍ രണ്ടു പേര്‍ക്കും തെറ്റി. ഇത് എ.കെ. ജി.യാണ്!" ഇങ്ങനെ കുറച്ചു നേരം ഞങ്ങള്‍ കുട്ടിസഖാക്കള്‍ തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ സംശയം തീര്‍ക്കാനായി ആ ക്ലാസ്സില്‍ മിണ്ടാതെ ഒരു മൂലയിലിരുന്ന സിദ്ദിക്കിനെ വിളിച്ചു ഞങ്ങള്‍ ചോദിച്ചു "സഖാവേ... ഇത് ഏതു സഖാവിന്റെ പടമാണ് ?" ഒരു നിമിഷം നിര്‍വികാരനായി ഞങ്ങളുടെ മുഖത്ത് നോക്കിയിട്ട് സിദ്ദിക്ക് പതിഞ്ഞ ശബ്ദത്തില്‍ ഉത്തരം പറഞ്ഞു:
"ചങ്ങമ്പുഴ!"
തലയും താഴ്ത്തി വാലും ചുരുട്ടി ഞങ്ങള്‍ മിണ്ടാതെ സ്ഥലം വിട്ടു....
No comments:
Post a Comment